Friday, 15 April 2016

ക്യുബെക്കിലെ മഞ്ഞു വർത്തമാനങ്ങൾ




കൊച്ചിയിലെ 38 ഡിഗ്രി  ചൂടിൽ  നിന്ന് മോണ്ട്രിയോളിലെ -30 ഡിഗ്രി തണുപ്പിൽ  വിമാനമിറങ്ങിയ  
 നിമിഷം  മുതൽ മനസ്സില് ഒരു ആഗ്രഹം  ഉണ്ടായിരുന്നു : ക്യുബെക്  പട്ടണത്തിലെ മഞ്ഞ് ഹോട്ടൽ. എല്ലാവർഷവും ജനുവരി   മുതൽ മാർച്ച്‌  മാസം വരെ മഞ്ഞു കൊണ്ട് രൂപപ്പെടുത്തുന്ന കൊട്ടാരതുല്യമായ  ഹോട്ടൽ : Hôtel de glace

ക്യുബെക്  പട്ടണത്തിലെ മീറ്റിംഗ് നേരത്തെ വിചാരിച്ചതിലും മുൻപ് അവസാനിക്കും  എന്ന്  മനസിലായപ്പോൾ  തന്നെ മഞ്ഞ് ഹോട്ടൽ സന്ദർശനം എന്നാ  ആശയം ചിലരോടൊക്കെ പങ്കുവച്ചു . 
  മഞ്ഞ് ഹോട്ടൽ കാണുക എന്ന എന്റെ ചൂടൻ  ആശയത്തെ പ്രവേശനഫീസിനെകുറിച്ചുള്ള  ഫ്രഞ്ച്-  കാനഡ ക്കാരുടെ    പരമ്പരാഗത മായിട്ടുള്ള  എന്ന് നമുക്ക്  ന്യായമായും സംശയം തോന്നിയേക്കാവുന്ന   പിശുക്ക്‌ പറച്ചിലോടു കൂടിയാണ്  ക്യുബെക്ക്കാരനും സമ്മേളനത്തിന്റെ സാരഥിയുമായ   ലുയി സായിപ്പ് എതിരേറ്റത് . 18 ഡോളർ അല്പം കൂടുതൽ അല്ലെ എന്ന  അയ്യാളു ടെ സംശയ ത്തെ, ഇനി  ഇപ്പോൾ 100   ഡോളർ തന്നെ ആയാൽ പോലും ഇവിടെ സന്ദർശിച്ചിട്ടു  തന്നെ ബാക്കി കാര്യം  എന്ന ന്യൂയോര്ക്ക്കാരൻ  റോണിന്റെ  വാശി മഞ്ഞുപോലെ  ഉരുക്കി കളഞ്ഞു . ഞങ്ങളുടെ  കൂട്ടത്തിലെ പത്തിൽ ഒൻപതുപേരും  റോണിന്റെ  ഒപ്പ o  ചേർന്നു . അമേരിക്കൻ ഐക്യമത്യം ഇന്ത്യൻ മഹാബലം. ഇനി തർക്കങ്ങൾ ഒന്നും  ഇല്ല , നേരെ  വണ്ടി l’Hôtel de Glace ലേ ക്ക് ....

ക്യുബെക്  പട്ടണത്തിൽ  നിന്നും  ഏകദേശം 10 കിലോമീറ്റർ അകലെ  ലോരെറ്റ് വിൽ  എന്ന തികച്ചും  ഗ്രാമീണ അന്തരീക്ഷമുള്ള സ്ഥല ത്താണ് ഈ  ഹോട്ടൽ . പ്രവേശന  കവാടത്തിൽ വലിയ തിരക്കൊന്നും  ഇല്ല. ടിക്കറ്റ്‌ വാങ്ങി എല്ലാവരും  അകത്തേക്ക് നടന്നു.  സമയം ഏകദേശം വൈകീട്ട് 6 മണിയായിരുന്നു . 8 മണിക്ക്  ഹോട്ടലിന്റെ ചില ഭാഗങ്ങളിൽ പ്രവേശനനിയന്ത്രണം ഉണ്ടാകും  എന്ന് ടിക്കറ്റ്  തന്ന മദാമ്മ വ്യക്തമായി പറഞ്ഞു  തന്നിരുന്നു. അതിനാൽ  ആദ്യം  തന്നെ ആ  ഭാഗങൾ കാണണം  എന്ന്  മനസ്സിൽ ഉറപ്പിച്ചു . മരപലകകൾ നിരത്തി നിർമിച്ച പതയിലൂടെ വഴുക്കി  വീഴാതെ  ഏകദേശം 250 മീറ്റർ നടക്കണം  ഹോട്ടലിൽ  എത്താൻ . ദൂരെ നിന്ന്  ഹോട്ടലിന്റെ  മേല്കൂര കാണാം, ഒരു വലിയ മഞ്ഞുകുന്ന് പോലെ, ചുറ്റും  മഞ്ഞുകൊണ്ട് കെട്ടിപൊക്കിയ വലിയ   ഉയരമുള്ള  മതിലുണ്ട് .( പിന്നിട്‌ , ഒരു  ഹോട്ടൽ ജോലിക്കാരൻ പറഞ്ഞു തന്നു ഇത്രയും  വലിയ  ഉയരമുള്ള  മതിൽ പണിയുന്നത്  പുറത്തെ  തണുത്ത കാറ്റ് ഹോട്ടൽ മുറികളിൽ കയറാതെ തടഞ്ഞു നിരത്താൻ വേണ്ടിയാണെന്ന് ). തണുപ്പിനെ മഞ്ഞു കൊണ്ട് തടയുന്ന സായിപ്പിന്റെ  ( അഥവാ അമേരിക്കൻ ഗോത്രവര്ഗക്കാരുടെ ) ബുദ്ധിക്ക് നമോവാകം !. 

Myths and Legends from Around the World എന്ന  ആശയത്തെ  അടിസ്ഥാനമാക്കി , ചില്ലുപോലെ  സുതാര്യമായ വലിയ ഐസ് കട്ടകൾ കൊണ്ടാണ് മുഴുവൻ നിർമാണവും .  40 -ൽ  പരം  മുറികളും , ഒരു  പള്ളിയും ( ഇനി പ്രാർത്ഥിക്കാൻ ഇടമില്ല എന്ന് ആരും പരാതി പറയരുതല്ലോ, കാരണം മുറിവാടക കേട്ടാൽ ആരും  അറിയാതെ  ദൈവത്തെ വിളിച്ചുപോകും. നാട്ടിലെ കമ്യുണിസ്റ്റ്കാരണേ സത്യം!)   , ബാറും , എല്ലാം  ഉള്ള വലിയ ലോകം തന്നെയാണ് ഈ  ഹോട്ടൽ. ഹോട്ടൽ ലോബിയിൽ തീ  കായാൻ  പോലും സൗകര്യം  ഉണ്ട് . ഐസ് കസേരയിൽ  ഇരുന്ന്  തീ കായാൻ എല്ലാവരും തിരക്ക് കുട്ടുന്നതുപോലെ തോന്നി. നെരിപ്പോടിന്റെ ചില്ലിൽ വിരലുകൾ അമർത്തിനോക്കിയിട്ടുപോലും ചൂട് പുറത്തേക് വരുന്നുണ്ടോ എന്ന സംശയം മാത്രം ബാക്കി .

 ഏകദേശം എല്ലാ  മുറികൾക്കും  വ്യത്യസ്തങ്ങളായ രാജ്യങ്ങളുടെ പേര് ആണ് നല്കിയിരികുന്നത് . അതാത് രാജ്യങ്ങളിലെ ശില്പ കലാ മാത്രക കളാൽ  മുറികൾ മനോഹരമായി അലങ്കരിച്ചിരിക്കുന്നു . ഈജിപ്ത്തിലെ  പിരമിഡുകളും ,  ചൈനയിലെ വ്യാളികളും, അയർലണ്ടിലെ സെല്ടിക് രൂപങ്ങളും , നേപ്പാളിലെ അമ്പലങ്ങൾ,  കടൽ  കൊള്ളക്കാർ,    തുടങ്ങിയവയെല്ലാം ഇവിടെ മനോഹരങ്ങളായ മഞ്ഞുരുപങ്ങൾ ആയി പുന്ര്ജ്ജ്നിച്ചിരികുന്നു .ഭാരതത്തിനും ഉണ്ട് ഒരു മനോഹരമായ ക്ഷേത്ര ശില്പങ്ങൾ കൊണ്ട് അലങ്കരിച്ച  മുറി. 

ഏകദേശം എല്ലായിടത്തും ചുറ്റിനടന്ന്, ഒത്തിരി ഫോട്ടോകളും  എടുത്ത് സമയം 8 മണിയായത് വളരെ പെട്ടന്നായിരുന്നു .അപ്പോഴേക്കും എല്ലാവരും ഹോട്ടൽ ലോബിയിലെ നേരിപോടിനു ചുറ്റും സ്ഥലം പിടിച്ചിരുന്നു . ഇനി ഐസ്കട്ടകൊണ്ടുള്ള ഗ്ലാസിൽ ചൂടുള്ള കാരിബു എന്നാ കോക്ക്ടെയിൽ അകത്താക്കാനുള്ള നേരം . ബാർ  കൌണ്ടറിൽ വലിയ തിരക്ക് ഇല്ലാത്തതിന്റെ രഹസ്യം പെട്ടന്ന് തന്നെ മനസിലായി .ഒറ്റ വലിക്ക് എല്ലാം അകത്താക്കി വേഗം തിരിച്ചുപോകാനുള്ള തിരക്കിലായിരുന്നു എല്ലാവരും. ചിലരൊക്കെ ഒരു കൌതുകത്തിന് ഐസ് ഗ്ലാസും കൈയ്യിൽ കരുതി  ഹോട്ടലിന്റെ പ്രവേശ ന ക











വാടത്തിന്റെ ചൂടിലേക്ക് തിരക്കിട്ട് നടക്കുന്നതിനിടെ വഴുതിവീ ഴുന്നുമുണ്ടായിരുന്നു  .

തിരികെയുള്ള യാത്രയിൽ  മഞ്ഞ് ഹോട്ടലിലെ  മായാകാഴ്ചകളെ പറ്റി വാതോരാതെ അതിശയം പറഞ്ഞു കൊണ്ടിരികെ, ഒരു ഫ്ലോറിഡകാരന്റെ  സംശയചോദ്യം എല്ലാവരുടെയും ഉത്തരം മുട്ടിച്ചു :   വേനൽക്കാലത്ത് ഇവിടെ വന്ന് താമസിക്കാൻ എന്ത് ചെലവ് വരും  ? ചോദ്യം  സീരിയസ് ആണ് പക്ഷെ ഉത്തരം അടക്കിപ്പിടിച്ച പൊട്ടിച്ചിരികളായിരുന്നു 

No comments: